ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
ചൂണ്ടല്‍ തായങ്കാവ് പ്രദേശത്ത് ഇന്നും പ്രൌഢിയോടെ നില്ക്കുന്ന തായങ്കാവ് ക്ഷേത്രമാണ് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയം എന്ന് ചരിത്രരേഖകളില്‍ കാണുന്നു. ഏകദേശം 400 വര്‍ഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത്. അതുപോലെ തന്നെ സാമാന്യം പഴക്കമുള്ള പ്രധാനപ്പെട്ട മറ്റ് ആരാധനാലയങ്ങളാണ് പെരുമലക്ഷേത്രവും പറപ്പൂര് തടത്തില്‍ മസ്ജിദ് എന്നറിയപ്പെടുന്ന പട്ടിക്കരപള്ളിയും. പട്ടിക്കരപള്ളിക്ക് ഇവിടുത്തെ മുസ്ളിംചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ദ്രാവിഡസംസ്കാരത്തോളം പഴക്കമുള്ള നാഗാരാധനയുടെ ഭാഗമായ സര്പ്പപ്പാട്ടും കളമെഴുത്തും അറിയുന്നവരാണ് ചൂണ്ടല്‍ പ്രദേശത്തെ പുള്ളുവന്മാര്. പുള്ളവന്‍പാട്ട് ശാസ്ത്രീയമായിത്തന്നെ അവതരിപ്പിക്കാന്‍ കഴിവുള്ള സംഘങ്ങള്‍ ഇപ്പോഴും ചൂണ്ടലിലുണ്ട്. ചൂണ്ടല്‍ കുംബാര സമുദായം ഇപ്പോഴും കൊണ്ടാടിവരുന്ന മാരിയമ്മന്‍ ഉത്സവം വേരറ്റുകൊണ്ടിരിക്കുന്ന നാടന്‍ സാംസ്കാരികപൈതൃകങ്ങളുടെ കൂട്ടത്തില്‍ പെടുത്താം. നാടകങ്ങളുടെ അടിസ്ഥാനരൂപം ആയ ചവിട്ടുനാടകം അവതരിപ്പിക്കുന്നവരാണ് ചൂണ്ടല്‍ ചെട്ടിയാന്മാര്. പെരുമണ്ണ് ഭാഗത്ത് താമസിക്കുന്നവരില്‍ ചിലര്‍ വില്ലടിച്ചാന്‍പാട്ട്, ഉടുക്കുകൊട്ട്, കളരി അഭ്യാസങ്ങള്‍ എന്നിവ സ്വായത്തമാക്കിയവരാണ്. മുസ്ളിംസമുദായത്തിന്റെ കലയായ അറവനമുട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍ക്കളി എന്നിവ ഇന്നും സജീവമായി നിലനില്‍ക്കുന്നുണ്ട്. തേനൂറൂന്ന മാപ്പിളപ്പാട്ട് പാടാനറിയാവുന്നവര്‍ കുറവല്ല. വേട്ടക്കൊരുമകന്പാട്ടും കളമെഴുത്തും പട്ടികജാതിക്കാരുടെ തനതുകലകളായ തിറ, മൂക്കാന്‍ചാത്തന്‍, ചേഴികെട്ട്, നായാടിക്കളി എന്നിവയും ചില സമുദായക്കാരുടെ വകയായ നന്തുണിപാട്ട്, ഭഗവതിക്കു കളമെഴുത്ത് എന്നിവയും, പഴയ ഗുരുകുലവിദ്യാഭ്യാസത്തിന്റെ ഭാഗമായ കളരിപ്പയറ്റും മറ്റു കായിക അഭ്യാസങ്ങളും ഇന്നും ഇവിടെ തുടര്‍ന്നുവരുന്നു. ചിറനെല്ലൂര്‍, കുമ്പഴ പാലത്തിനടുത്തായി പഞ്ചായത്തിന്റെ കൈവശത്തിലിരിക്കുന്ന സ്ഥലത്ത് ചിറനെല്ലൂര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.ഈ കോട്ട ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിച്ചതായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.അലോപ്പതി ചികിത്സ വികസിക്കുന്നതിനു വളരെ മുമ്പുതന്നെ പാരമ്പര്യചികിത്സാസമ്പ്രദായവും ആയൂര്‍വേദ ചികിത്സാരീതികളും ഇവിടെ സര്‍വ്വസാധാരണമായിരുന്നു. കേട്ടറിവും നാട്ടറിവും ഉപയോഗിച്ചുള്ള ചികിത്സാരീതികളായിരുന്നു അധികവും. മിക്ക കുടുംബങ്ങളിലേയും മുത്തച്ഛന്മാരും മുത്തശ്ശിമാരും പ്രഥമശൂശ്രൂഷ നല്കാന് കഴിവുള്ളവരായിരുന്നു. നാട്ടുവൈദ്യന്മാരും ആര്യവൈദ്യന്മാരും അഷ്ടവൈദ്യന്മാരുമായിരുന്നു അക്കാലത്തെ ചികിത്സാരംഗത്തെ മേധാവികള്‍. പണ്ടുകാലം മുതല്‍ പരമ്പരാഗതമായി നേത്രചികിത്സാരംഗത്തും വിഷചികിത്സാരംഗത്തും പ്രഗല്ഭരും പ്രശസ്തരുമായിരുന്ന വൈദ്യന്മാരുടെ നാടാണിത്. ഐതിഹ്യമാലയില്‍ പോലും പരാമര്‍ശിക്കപ്പെട്ട വ്യക്തിയും പുരാതനകാലം മുതല്‍ ആയൂര്‍വേദ വൈദ്യശാസ്ത്രത്തില്‍ പുകഴ്പെറ്റയാളുമായ അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നമ്പി ഇക്കൂട്ടരില്‍ പ്രമുഖനായിരുന്നു. നേത്രചികിത്സാരംഗത്ത് ഇന്നും കുലപതികളായ കൊടക്കാട്ടില്വൈദ്യന്മാര് ചൂണ്ടലിന്റെ പ്രശസ്തി അന്യദിക്കുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ, സ്വാതന്ത്ര്യത്തിനുമുമ്പ് തിരക്കില്ലാത്തതും വീതി കുറഞ്ഞതുമായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രമായ കേച്ചേരി അങ്ങാടി മുക്കാല്‍നൂറ്റാണ്ടു മുമ്പ് വളരെ തിരക്കുകുറഞ്ഞ സ്ഥലമായിരുന്നു. ചൂണ്ടല്‍ പഞ്ചായത്തുപ്രദേശത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തനതായ ഒരു വിദ്യാഭ്യാസ സംസ്കാരമുണ്ടായിരുന്നു. പുരാതനകാലം മുതല്‍ ഇവിടുത്തെ ഗ്രാമവാസികള്‍ തികച്ചും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു. എങ്കിലും 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും നിലനിന്നിരുന്ന ഗുരുകുലവിദ്യാഭ്യാസവും കുടിപള്ളികൂടങ്ങളും ഇവിടേയും ഉണ്ടായിരുന്നതിന്റെ തെളിവുകളുണ്ട്. ഈ സമ്പ്രദായത്തിലെ അധ്യാപകരെ എഴുത്താശാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ മദിരാശിസര്വ്വകലാശാലയിലെ ബിരുദവും നിയമബിരുദവും മറ്റും സമ്പാദിച്ച ഏതാനും വ്യക്തികള്‍ ഇവിടെയുണ്ടായിരുന്നു. ദേശീയപ്രസ്ഥാനവും അതിന്റെ ഭാഗമായ സാമുഹികപരിഷ്കരണപ്രവര്ത്തനങ്ങളും ഈ പ്രദേശത്തെ വിദ്യഭ്യാസപുരോഗതിയുടെ വേഗത വര്‍ദ്ധിപ്പിക്കുകയുണ്ടായി. ജന്മിത്തവ്യവസ്ഥ നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ ഉദാരമതികളായ ചില വ്യക്തികള്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ഭൂമിയും ധനവും മറ്റു വിഭവങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ ആയിരുന്ന കാലത്താണ് ഇന്ത്യന്‍ ആധുനികവിദ്യാഭ്യാസം ചിട്ടയോടെ വികസിക്കാന്‍ തുടങ്ങിയത്. ഗുരുകുലവിദ്യാഭ്യാസകാലത്ത് സംസ്കൃതത്തിന് ഉണ്ടായിരുന്ന പ്രാമുഖ്യം ബ്രീട്ടിഷ് ആധിപത്യകാലത്ത് ഇംഗ്ളീഷ് കവര്‍ന്നടുത്തു. അക്കാലത്ത് എല്ലാ കുട്ടികളും ഫീസ് കൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രീട്ടിഷ് സര്‍ക്കാര്‍ പുസ്തകം, സ്ളേറ്റ്, പെന്‍സില്‍, രണ്ടു തോര്‍ത്തുമുണ്ട് എന്നിവ നല്‍കിയിരുന്നു. കൂടാതെ അവര്‍ക്ക് ഫീസിളവും നല്‍കിയിരുന്നു. ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി ലഘുവും ലളിതവുമായ പാഠ്യപദ്ധതിയായിരുന്നു അക്കാലത്ത്. കൊച്ചിരാജ്യത്തിലെ പഞ്ചായത്ത് എന്ന നിലയ്ക്ക് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മദിരാശി സര്‍വ്വകലാശാലയുടെ ബിരുദമാണ് ലഭിച്ചിരുന്നത്. ചൂണ്ടലില്‍ 1893-ല്‍ സ്ഥാപിച്ച സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഇത് കൊച്ചിരാജ്യത്തെ തന്ന ആദ്യത്തെ ചുരുക്കം ചില വിദ്യാലയങ്ങളില്‍ ഒന്നാണ്. ഈ വിദ്യാലയം 1893-നു മുമ്പുതന്നെ സ്ഥാപിതമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നു നിലവിലുള്ള വിദ്യാലയങ്ങളില്‍ ചൂണ്ടല്‍ ഗവണ്മെന്റ് യു.പി.സ്കൂള്‍, കേച്ചേരി ഗവണ്മെന്റ് എല്‍.പി സ്കൂള്‍, പാറന്നൂര്‍ സെന്റ് തോമസ് യു.പി.സ്കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി യു.പി.സ്കൂള്‍, ചിറനെല്ലൂര്‍ സെന്റ് ജോസ്ഫ്സ് എന്നിവ സ്വാതന്ത്ര്യത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സ്ഥാപിതമായിട്ടുള്ളവകളാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ പൊതു വിദ്യാഭ്യാസരംഗത്ത് ചൂണ്ടല്‍ ഏറെ മുമ്പിലായിരുന്നു. 1953-ല്‍ കര്‍മ്മലീത്താ സന്യാസി സമൂഹം പ്രൈവറ്റ് യു.പി.സ്കൂള്‍ ആരംഭിക്കുകയും 1965-ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തതോടെ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂള് യഥാര്‍ത്ഥ്യമായി.കൊച്ചി ആസ്ഥാനമാക്കി കൊച്ചിപ്രജാമണ്ഡലം രൂപംകൊള്ളുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാവുകയും ചെയ്തതോടെ ചൂണ്ടല്‍ പഞ്ചായത്തുപ്രദേശത്തും അതിന്റെ അലയടികള്‍ മുഴങ്ങി. ഭാരതം സ്വതന്ത്രമാവുകയും പുതിയ സംവിധാനം നിലവില്‍ വരികയും ചെയ്തതോടെ പഞ്ചായത്തുകളുടെ പുനര്‍വിഭജനം നടത്തുകയും പ്രായപൂര്‍ത്തി വോട്ടവകാശം ലഭ്യമാകുകയും ചെയ്തു. പ്രശസ്ത കവിയും, ചലച്ചിത്രഗാനരചയിതാവുമായ യൂസഫലികേച്ചേരിയുടെ സ്വദേശമായ കേച്ചേരി ഈ പഞ്ചായത്തിലാണ്. റബ്ബര്‍ അടക്കം ഒരുവിധം എല്ലാ കൃഷികളുമുള്ള ഒരു നല്ല കാര്‍ഷികമേഖലയാണ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്. പെരുമല, ചവുട്ടിക്കുന്ന് എന്നീ രണ്ടു മലകളും കേച്ചേരിപ്പുഴയും കുട്ടന്‍തോട്, എരനെല്ലൂര്തോട്, ചൂണ്ടല്‍തോട് എന്നിവയൊക്കെ ഈ പഞ്ചായത്തിന്റെ പ്രകൃതിഭംഗിയ്ക്കു മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. നെല്ല്, കവുങ്ങ്, തെങ്ങ്, കുരുമുളക്, വാഴ, കപ്പ, കശുവണ്ടി എന്നിവ പ്രധാന കാര്‍ഷികവിളകളാണ്. നെല്‍കൃഷിയില്‍ വിരിപ്പും പുഞ്ചയും കുറഞ്ഞുവരുന്നു. കൂലിയിലുള്ള വര്‍ദ്ധനവും മറ്റു ചെലവുകളുടെ കുതിച്ചുകയറ്റവും വിരിപ്പുകൃഷിയെ തളര്‍ത്തി. കാലാവസ്ഥയില്‍ വന്ന വ്യതിയാനം കാര്‍ഷികമേഖല പൊതുവെ താളം തെറ്റാന്‍ കാരണമാക്കി.