കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

25 വർഷങ്ങൾ പിന്നിട്ട ജനകീയാസൂത്രണ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിക്കൊണ്ടാണ് അടുത്ത 10 വർഷം മുന്നിൽ കണ്ടുകൊണ്ട് ഒരു വികസന സമീപനത്തിന് നാം രൂപം നൽകുന്നത്. ഗ്രാമപഞ്ചായത്തിന് അനുവദിക്കപ്പെടുന്ന പദ്ധതി വിഹിതത്തോടൊപ്പം ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടേയും സംസ്ഥാന,കേന്ദ്ര സർക്കാരുകളുടേയും പദ്ധതി വിഹിതത്തോടൊപ്പം ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടേയും സംസ്ഥാന, കേന്ദ്രസർക്കാരുകളുടേയും പദ്ധതിവിഹിതവും എം.പി, എം.എൽ.എ എന്നിവരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമാകുന്ന തുകയും, തൊഴിലുറപ്പ് പദ്ധതിയിലൂടെ ആരംഭിക്കുന്ന തുകയും, കൂടാതെ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സാമ്പത്തികപങ്കാളിത്തവും ഉൾപ്പെടുത്തിക്കൊണ്ടാണ് വിഭവ സമാഹരണം ലക്ഷ്യമിടുന്നത്.

ജൈവ അജൈവ മാലിന്യ സംസ്‌കരണം, അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിലവസരം സൃഷ്‌ടിക്കൽ, എല്ലാവർക്കും വീട്, കൃഷി, കുടിവെള്ളം, ലിംഗനീതി, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളിൽ സമഗ്രവും മാതൃകാപരവുമായ പ്രവർത്തനമാണ് പഞ്ചായത്ത് പ്രത്യേകം ലക്ഷ്യം വയ്ക്കുന്നത്. തരിശുരഹിത പഞ്ചായത്ത്, ഭവനരഹിതർ ഇല്ലാത്ത പഞ്ചായത്ത്, കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെട്ട പഞ്ചായത്ത്, സാമൂഹ്യ സുരക്ഷയും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തിയ പഞ്ചായത്ത്, പൊതുവിദ്യാലയങ്ങൾ എല്ലാം മികവിന്‍റെ കേന്ദ്രങ്ങളായി മാറിയ പഞ്ചായത്ത്, ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന പഞ്ചായത്ത്, മാലിന്യം സമ്പത്താക്കി മാറ്റിയ ജൈവ- അജൈവ മാലിന്യരഹിത പഞ്ചായത്ത്, ശിശു ബാല സൗഹൃദ പഞ്ചായത്ത്, പരിസ്ഥിതി സൗഹൃദ പഞ്ചായത്ത്, തൊഴിൽ രഹിതരില്ലാത്ത പഞ്ചായത്ത് എന്നിവയാണ് നാം വിഭാവനം ചെയ്യുന്നത്.
 

ദൗത്യം (Mission)

  • ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക

  • ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക

  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക

  • പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും പ്രോത്സാഹിപ്പിക്കുക

  • കൃഷി, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾക്ക് പിന്തുണ നൽകുക

  • സുതാര്യവും ജനകീയവുമായ ഭരണസംവിധാനം ഉറപ്പാക്കുക

  • ഡിജിറ്റൽ സേവനങ്ങളും ആധുനിക സൗകര്യങ്ങളും ജനങ്ങളിലെത്തിക്കുക

  • ജനപങ്കാളിത്തത്തോടെ ദീർഘകാല വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക

    കേരള സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ മിഷനുകളുടേയും നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് നാം ലക്ഷ്യത്തിലെത്തും. പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനാകണം. അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്നും ശേഖരിക്കുന്നതിനായി പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള ഹരിത കർമ്മസേനയും, അത് കളക്റ്റ് ചെയ്ത് ക്ലീൻ കേരള മിഷന് കൈമാറുന്നതിനായി ആരംഭിച്ചിട്ടുള്ള എം.സി.എഫ് ഉം, പഞ്ചായത്തിനെ പൂമുറ്റമാക്കുന്നതിനായിട്ടുള്ള ബൃഹത്തായ പദ്ധതി “പൂമുറ്റം", സമഗ്ര ശുചീകരണ പദ്ധതിയും ഈ രംഗത്ത് നല്ല കാൽവയ്പ്പുകളാണ്.


    വീടില്ലാത്ത മുഴുവൻ ആളുകൾക്കും വാസയോഗ്യമായ വീട് ഒരുക്കുന്നതിനായി വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വീട് നിർമ്മിക്കുന്നതിനായി 20 സെൻ്റ് സ്ഥലവും അംഗൻവാടികൾക്കും, കളിസ്ഥലം ഒരുക്കുന്നതിനും സംഭാവനയായി ഭൂമി ലഭ്യമാക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്. പഞ്ചായത്തിലെ 1000 ജനസംഖ്യയിൽ 5 പേർക്കെങ്കിലും തൊഴിൽ കണ്ടെത്തുക എന്ന പ്രവർത്തനത്തിനും ഈ പദ്ധതി കാലഘട്ടത്തിൽ തുടക്കം കുറിക്കുകയാണ്. വർക്ക് അറ്റ് ഹോം മാതൃകയിൽ 'വർക്ക് നിയർ ഹോം' എന്ന ലക്ഷ്യം നേടാനായി തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും തൊഴിൽ സംരംഭകരുടെ ബാങ്ക് വായ്‌പയുടെ പലിശയിളവ് നൽകുന്നതിനും ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്.


    പഞ്ചായത്ത് ഓഫീസിന് ആധുനിക സൗകര്യങ്ങളോടെയുള്ള പഞ്ചായത്തിലെ എല്ലാം അംഗൻവാടികൾക്കും സ്ഥലവും കെട്ടിടവും എല്ലാ വാർഡുകളിലും ഒരു കളിസ്ഥലം, വാർഡ് കേന്ദ്രങ്ങളിൽ വ്യായാമ കേന്ദ്രങ്ങൾ, റോഡുകളുടെ സൗന്ദര്യവൽക്കരണം, ജീവിതശൈലീരോഗങ്ങൾ വീടുകളിൽ ചെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം, എല്ലാ ഹെൽത്ത് സെൻ്ററുകളിലും ആഴ്ചയിൽ 3 ദിവസം ഡോക്ട‌ടറുടെ സേവനം, വാർഡുകേന്ദ്രങ്ങളിൽ ആരോഗ്യക്യാമ്പുകൾ തുടങ്ങി ബൃഹത്തായ പദ്ധതികൾക്ക്  തുടക്കംകുറിക്കുകയാണ്.


    സുതാര്യവും സുഗമവുമായ സേവനങ്ങൾ നൽകുന്ന മാതൃകാ കാര്യാലയമായി പഞ്ചായത്ത് ഓഫീസ് പ്രവർത്തനക്ഷമമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നിമിഷങ്ങൾക്കുള്ളിൽ മുഴുവൻ ആളുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിവര വിനിമയവും സേവനങ്ങളും നൽകുന്നതിന് ആവശ്യമായ അത്യന്താധുനിക സൗകര്യങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സുസജ്ജമായിരിക്കും. സേവനാവകാശങ്ങളും വിവരാവകാശങ്ങളും കൃത്യമായും പൂർണ്ണമായും കാര്യക്ഷമമായും പാലിക്കപ്പെടും. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ സേവന ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സംവിധാനങ്ങൾ പൂർത്തിയാക്കും. ടോട്ടൽ ക്വാളിറ്റി മാനേജ്‌മെന്റ്റിലൂടെ ISO സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ നമ്മുടെ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.


    അടിയന്തിര സാഹചര്യങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ മറ്റു അത്യാവശ്യ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പൊതു സമൂഹത്തിൻ്റേയും വ്യക്തികളുടേയും പങ്കാളിത്തത്തോടെ ഒരു ക്ഷേമനിധി രൂപീകരിക്കും. പഞ്ചായത്തിന്റെ തനതു വരുമാന മാർഗ്ഗങ്ങൾ ശാസ്ത്രീയമായി പരിഷ്ക്കരിച്ച് ചോർച്ചകൾ ഇല്ലാതാക്കി ഇപ്പോഴത്തേതിന്റെ ഇരട്ടിയായി വർദ്ധിപ്പിക്കുവാൻ കഴിയണം. വിശദമായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഓഫീസ് സമുച്ചയം ഈ പദ്ധതിക്കാലത്തുതന്നെ സാധ്യമാക്കണം. വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും വേണം.